സംസ്ഥാന ബജറ്റ്
ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഭാരതത്തിന്റെ ഭരണഘടനയുടെ 202-mw ആർട്ടിക്കിൾ പ്രകാരം ഓരോ സംസ്ഥാനത്തിന്റെയും ഗവർണ്ണർമാർ ഓരോ സാമ്പത്തിക വർഷത്തെ സംബന്ധിച്ചും, വാർഷിക ധനകാര്യ പത്രിക എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ള, സംസ്ഥാനത്തിന്റെ ആ വർഷത്തെ വരവ് ചെലവ് അടങ്കൽപ്പത്രിക നിയമ നിർമ്മാണ സഭയുടെ മുൻപാകെ വെയ്ക്കേണ്ടതാണെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്. ഈ രേഖയാണ് പ്രസ്തുത സംസ്ഥാനത്തിന്റെ ആ സാമ്പത്തിക വർഷത്തെ ബജറ്റ് എന്ന് പൊതുവായി അറിയപ്പെടുന്നത്.
ബജറ്റ് പ്രസംഗങ്ങൾ
ബജറ്റ് പ്രസംഗം – 2018-19
ബജറ്റ് പ്രസംഗം – 2017-18
ബജറ്റ് പ്രസംഗം – 2016-17
ബജറ്റ് പ്രസംഗം – 2015-16
ബജറ്റ് പ്രസംഗം -2014-15
ബജറ്റ് പ്രസംഗം -2013-14
ബജറ്റ് പ്രസംഗം -2012-13
ബജറ്റ് പ്രസംഗം -2011-12  |  2011-12 – പരിഷ്ക്കരിച്ചത്
ബജറ്റ് പ്രസംഗം -2010-11
ബജറ്റ് പ്രസംഗം -2009-10
ബജറ്റ് പ്രസംഗം -2008-09
ബജറ്റ് തയ്യാറാക്കൽ
1. ഓരോ വർഷവും ജൂലൈ മാസത്തിൽ അടുത്ത വർഷത്തേയ്ക്കുള്ള വകുപ്പിന്റെ വരവു ചെലവു എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാർക്കും, എസ്റ്റിമേറ്റ് തയ്യാറാക്കുന്ന മറ്റ് ഉദ്യോഗസ്ഥന്മാർക്കും സർക്കുലർ അയയ്ക്കുന്നു. നാലു ഘട്ടങ്ങളുള്ള ബജറ്റിന്റെ ആദ്യപടിയാണിത്.
2. വകുപ്പുകളുടെ പദ്ധതിയേതര എസ്റ്റിമേറ്റുകൾ സെപ്റ്റംബർ 15-നകവും, പദ്ധതിയെയും, വരുമാനത്തെയും സംബന്ധിച്ച എസ്റ്റിമേറ്റുകൾ സെപ്റ്റംബർ 30-നകവും ലഭിക്കുന്നു. എസ്റ്റിമേറ്റുകൾ നേരിട്ട് ധനകാര്യ വകുപ്പിൽ നൽകുന്നതോടൊപ്പം അതിന്റെ പകർപ്പുകൾ ഒരേ സമയം ഭരണവകുപ്പുകൾക്കും ലഭ്യമാക്കുന്നു. അവ കിട്ടി പത്തു ദിവസത്തിനകം ഭരണ വകുപ്പുകൾ എസ്റ്റിമേറ്റുകൾ പരിശോധിച്ച് അവരുടെ അഭിപ്രായങ്ങൾ ധനകാര്യ വകുപ്പിന് അയയ്ക്കുന്നു.
3. ഭരണ വകുപ്പുകളുടെ അഭിപ്രായങ്ങളുടെയും, അക്കൗണ്ടന്റ് ജനറൽ ലഭ്യമാക്കുന്ന യഥാർത്ഥ ചെലവിന്റെ കണക്കുകളുടെയും, ധനകാര്യ വകുപ്പിൽ ലഭ്യമായ വിവരങ്ങളുടെയും വെളിച്ചത്തിൽ വകുപ്പുകളുടെ എസ്റ്റിമേറ്റുകൾ ധനകാര്യ വകുപ്പ് അതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമുള്ളിടത്ത് ഭേദഗതികൾ വരുത്തുന്നു. എന്നിട്ട്, ലഭ്യമായ ധനം പുനരവലോകനം ചെയ്യുകയും, പ്രായോഗികമായ വ്യാപ്തിയിൽ പുതിയ പദ്ധതികൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഏകദേശം ഫെബ്രുവരി അവസാനത്തോടെ നിയമസഭയിൽ അവതരിപ്പിക്കാൻ ബജറ്റ് സജ്ജമാക്കുന്നു.
ബജറ്റ് പാസ്സാക്കൽ
ഫെബ്രുവരി അവസാനത്തോടെയോ, മാർച്ച് ആരംഭത്തിലോ ധനകാര്യ മന്ത്രി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നു. ആദ്യമായി ബജറ്റിനു മേൽ ഒരു പൊതു ചർച്ചയാണ്.ബജറ്റ് ചർച്ചയുടെ അവസാനം, ധനാഭ്യർത്ഥനകൾ സൂക്ഷമ പരിശോധന നടത്തി റിപ്പോർട്ടിനു വേണ്ടി നിയമസഭാ കമ്മിറ്റികൾക്ക് –സബ്ജക്റ്റ് കമ്മിറ്റികൾക്ക് അയച്ചുകൊടുക്കുന്നു.അതിനെ തുടർന്ന് ധനാഭ്യർത്ഥനകളുടെ വിശദമായ പരിഗണനയും, വോട്ടെടുപ്പും നടക്കുന്നു.തുടർന്ന് ധനവിനിയോഗ ബിൽ അവതരിപ്പിച്ച്, ചർച്ച ചെയ്ത് പാസ്സാക്കുന്നു.സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽ നിന്നും തുക പിൻവലിക്കുന്നതിനുള്ള നിയമപരമായ അധികാരമാണ് ധനവിനിയോഗ നിയമം.ഓരോ സേവനത്തിനും ഒരു സാമ്പത്തിക വർഷം ചെലവാക്കാവുന്ന പരമാവധി തുക ഇത് വ്യക്തമാക്കുന്നു.
ബജറ്റ് നടപ്പാക്കൽ
ബജറ്റ് പാസ്സായി സർക്കാർ ഗസറ്റിൽ ധനവിനിയോഗ നിയമം പ്രസിദ്ധീകരിച്ചയുടൻ ധനകാര്യ വകുപ്പിലെ ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാരെയും, മറ്റു ബന്ധപ്പെട്ടവരെയും, നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്, ബജറ്റിൽ ഉൾപ്പെടുത്തിയ തുക നൽകുന്നതിനും, വിനിയോഗിക്കുന്നതിനുമുള്ള മതിയായ അധികാരമാണെന്ന് സർക്കുലർ വഴി അറിയിക്കുന്നു. തുടർന്ന് ധനവിനിയോഗ വിതരണ ജോലി ഏറ്റെടുക്കുന്നു. മുഖ്യ നിയന്ത്രണ ഉദ്യോഗസ്ഥന്മാർ അവർക്കു തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥന്മാർക്ക് (കീഴിലുള്ള നിയന്ത്രണ ഉദ്യോഗസ്ഥന്മാർ/പണം വ്യയം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ) ധനവിനിയോഗം വിതരണം ചെയ്യുന്നു. കീഴിൽ വരുന്ന നിയന്ത്രണ ഉദ്യോഗസ്ഥന്മാർ പണം വ്യയം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് ധന വിനിയോഗം ഭാഗിച്ചു നൽകുന്നു.
ബജറ്റ് അവലോകനം
ഓരോ സേവനത്തിനും ഓരോ വർഷവും ചെലവാക്കാവുന്ന പരമാവധി തുക ബജറ്റ് പരിഗണിച്ചശേഷം നിയമസഭ പാസ്സാക്കുന്ന ധനവിനിയോഗ ബില്ലിൽ വ്യക്തപ്പെടുത്തുന്നു. ധനകാര്യ വർഷം അവസാനിച്ച ശേഷം ബജറ്റ് തുക, ഭരണ നിർവ്വഹണ സമിതി ചെലവാക്കിയത് ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങൾക്കും, വിവക്ഷിച്ചിരുന്ന തുകകളിലും ആയിരുന്നുവെന്ന് നിയമസഭയെ തൃപ്തിപ്പെടുത്തേണ്ടതാണ്. സ്വതന്ത്ര അധികാരമുള്ള ഭാരതത്തിന്റെ കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ കണക്കുകൾ തിട്ടപ്പെടുത്തിയ ശേഷം ആ റിപ്പോർട്ട് ഒരു നിയമസഭാ കമ്മിറ്റി മുഖേന – പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി/ പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് ഇത് ചെയ്യുന്നത്. ബജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതികളും, പരിപാടികളും എത്രത്തോളം ഫലപ്രദമായും, മിതവ്യയത്തോടും നടപ്പിലാക്കാമെന്ന് മനസ്സിലാക്കുന്നതിന് നിയമസഭയിൽ അവതരിപ്പിച്ച എസ്റ്റിമേറ്റുകളുടെ വിശദമായ പരിശോധന കൂടി ഉൾപ്പെടുന്നതാണ് ബജറ്റ് വിശകലനം. ഈ ജോലി പ്രത്യേകമായി രൂപവൽക്കരിച്ച വേറൊരു നിയമസഭാ കമ്മിറ്റിയെ – എസ്റ്റിമേറ്റ് കമ്മിറ്റിയെ ഏൽപ്പിച്ചിരിക്കുന്നു.
ബജറ്റുമായി ബന്ധപ്പെട്ട, ഭരണഘടനയിലെ പ്രധാനപ്പെട്ട ആർട്ടിക്കിളുകൾ ചുവടെ ചേർക്കുന്നു.
202. വാർഷിക ധനവിവരപ്പത്രിക–
(1) ഗവർണ്ണർ, ഓരോ സാമ്പത്തികവർഷം സംബന്ധിച്ചും, ഈ ഭാഗത്തിൽ, “വാർഷിക ധനവിവരപ്പത്രിക” എന്നു പരാമർശിച്ചിട്ടുള്ള, സംസ്ഥാനത്തിന്റെ ആ വർഷത്തെ വരവുചെലവ് അടങ്കൽപ്പത്രിക സംസ്ഥാനത്തിന്റെ നിയമനിർമ്മാണമണ്ഡലത്തിന്റെ സഭയുടെയോ സഭകളുടെയോ മുൻപാകെ വയ്പ്പിക്കേണ്ടതാണ്.
(2) വാർഷിക ധനവിവരപ്പത്രികയിൽ കൊള്ളിച്ചിട്ടുള്ള ചെലവിന്റെ അടങ്കലുകൾ-
(ക) ആ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്ന് നടത്തേണ്ട ചെലവാണെന്ന് ഈ ഭരണഘടനയിൽ വിവരിച്ചിട്ടുള്ള ചെലവു നടത്താൻ ആവശ്യമായ തുകകളും;
(ഖ) ആ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽ നിന്ന് ചെലവാക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള മറ്റു ചെലവു നേരിടുന്നതിന് ആവശ്യമായ തുകകളും, വെവ്വേറെ കാണിക്കേണ്ടതും, റവന്യൂ കണക്കിൽപ്പെടുന്ന ചെലവ് മറ്റു ചെലവിൽ നിന്ന് വേർതിരിച്ച് കാണിക്കേണ്ടതും ആകുന്നു.
(3) താഴെ ചേർത്തിട്ടുള്ള ചെലവുകൾ ഒരോ സംസ്ഥാനത്തിന്റെയും സഞ്ചിത നിധിയിൽ നിന്നു നടത്തേണ്ട ചെലവുകൾ ആയിരിക്കുന്നതാണ് –
(ക) ഗവർണ്ണറുടെ വേതനങ്ങളും ബത്തകളും അദ്ദേഹത്തിന്റെ ഉദ്യോഗവുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും;
(ഖ) നിയമസഭയുടെ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും കൂടാതെ നിയമസമിതിയുള്ള ഒരു സംസ്ഥാനത്തിന്റെ സംഗതിയിൽ, ആ നിയമസമിതിയുടെ അദ്ധ്യക്ഷന്റെയും ഉപാദ്ധ്യക്ഷന്റെയും ശമ്പളങ്ങളും ബത്തകളും;
(ഗ) പലിശയും നിക്ഷേപനിധി സംബന്ധിച്ച ചെലവുകളും കടം വീട്ടുന്നത് സംബന്ധിച്ച ചെലവുകളും, കടമെടുപ്പിനെയും മുതലും പലിശയും അടച്ചുതീർക്കുന്നതിനുള്ള ഏർപ്പാടിനെയും കടം വീട്ടുന്നതിനെയും സംബന്ധിച്ച മറ്റു ചെലവുകളും ഉൾപ്പെടെ ആ സംസ്ഥാനത്തിനു ബാദ്ധ്യതയുള്ള കടം സംബന്ധമായ ചെലവുകളും;
(ഘ) ഏതെങ്കിലും ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ശമ്പളങ്ങളും ബത്തകളും സംബന്ധിച്ച ചെലവുകളും;
(ങ) ഏതെങ്കിലും കോടതിയുടെയോ മാദ്ധ്യസ്ഥട്രിബ്യൂണലിന്റെയോ ഏതെങ്കിലും വിധിന്യായമോ ഡിക്രിയോ മാദ്ധ്യസ്ഥതീരുമാനമോ അനുസരിച്ചുള്ള ബാദ്ധ്യതകൾ തീർക്കുന്നതിന് ആവശ്യമായ ഏതെങ്കിലും തുകകൾ;
(ച) ഈ ഭരണഘടനയോ നിയമം വഴി ആ സംസ്ഥാനത്തെ നിയമനിർമ്മാണ മണ്ഡലമോ അങ്ങനെ നടത്തേണ്ട ചെലവായി പ്രഖ്യാപിച്ചിട്ടുള്ള മറ്റേതെങ്കിലും ചെലവുകൾ.
203. അടങ്കലുകൾ സംബന്ധിച്ച നിയമനിർമ്മാണമണ്ഡലത്തിലെ നടപടിക്രമം–
(1) അടങ്കലുകളിൽ ഒരു സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽനിന്നു നടത്തേണ്ട ചെലവ് സംബന്ധിച്ചിടത്തോളമുള്ളവ, നിയമസഭയുടെ വോട്ടിന് സമർപ്പിക്കുവാൻ പാടില്ലാത്തതും, എന്നാൽ, ഈ ഖണ്ഡത്തിലെ യാതൊന്നും നിയമനിർമ്മാണമണ്ഡലത്തിൽ ആ അടങ്കലുകളിൽ ഏതിനെയെങ്കിലും പറ്റിയുള്ള ചർച്ച തടയുന്നതായി വ്യാഖ്യാനിക്കാൻ പാടില്ലാത്തതുമാകുന്നു.
(2) മേൽപ്പറഞ്ഞ അടങ്കലുകളിൽ മറ്റു ചെലവു സംബന്ധിച്ചിടത്തോളമുള്ളവ, സഹായധനങ്ങൾക്കുള്ള അഭ്യർത്ഥനകളുടെ രൂപത്തിൽ നിയമസഭയിൽ സമർപ്പിക്കേണ്ടതും, നിയമസഭയ്ക്ക് ഏതു ധനാഭ്യർത്ഥനയ്ക്കും അനുമതി നൽകുവാനും അല്ലെങ്കിൽ അനുമതി നിഷേധിക്കുവാനും അല്ലെങ്കിൽ ഒരു ധനാഭ്യർത്ഥനയിൽ നിർദ്ദേശിച്ചിട്ടുള്ള തുകയിൽ കുറവു ചെയ്തുകൊണ്ട് അനുമതി നൽകുവാനും അധികാരം ഉണ്ടായിരിക്കുന്നതും ആകുന്നു.
(3) ഗവർണ്ണറുടെ ശിപാർശയിൻമേലല്ലാതെ ഒരു സഹായധനത്തിനുള്ള യാതൊരു അഭ്യത്ഥനയും നടത്തുവാൻ പാടുള്ളതല്ല.
204. ധനവിനിയോഗ ബില്ലുകൾ-
(1) നിയമസഭ, 203-mw അനുച്ഛേദപ്രകാരം സഹായധനങ്ങൾ നൽകിയതിനുശേഷം കഴിയുന്നതും വേഗം സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽ നിന്ന്-
(ക) നിയമസഭ അപ്രകാരം നൽകിയിട്ടുള്ള സഹായധനങ്ങളും;
(ഖ) ആ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്ന് നടത്തേണ്ടതും, എന്നാൽ ആ സഭയുടെയോ സഭകളുടെയോ മുമ്പാകെ അതിനു മുമ്പ് സമർപ്പിച്ചിട്ടുള്ള വിവരപ്പത്രികയിൽ കാണിച്ചിട്ടുള്ള തുകയിൽ ഒരു സംഗതിയിലും കവിയാത്തതും ആയ ചെലവും, നേരിടുവാൻ വേണ്ടിവരുന്ന എല്ലാ പണത്തിന്റെയും വിനിയോഗത്തിന് വ്യവസ്ഥ ചെയ്യുന്ന ഒരു ബിൽ അവതരിപ്പിക്കേണ്ടതാണ്.
(2) അങ്ങനെയുള്ള ഏതെങ്കിലും ബില്ലിന് നിയമനിർമ്മാണമണ്ഡലത്തിന്റെ സഭയിലോ ഇരുസഭകളിൽ ഏതിലെങ്കിലുമോ അപ്രകാരം നൽകിയിട്ടുള്ള ഏതെങ്കിലും സഹായ ധനത്തിന്റെ തുക വ്യത്യാസപ്പെടുത്തുന്നതോ, ലക്ഷ്യം ഭേദപ്പെടുത്തുന്നതോ, അല്ലെങ്കിൽ ആ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽ നിന്ന് നടത്തേണ്ട ഏതെങ്കിലും ചെലവിന്റെ തുക വ്യത്യാസപ്പെടുത്തുന്നതോ ആയ ഫലമുണ്ടാക്കുന്ന യാതൊരു ഭേദഗതിയും നിർദ്ദേശിക്കുവാൻ പാടില്ലാത്തതും, ഈ ഖണ്ഡപ്രകാരം ഒരു ഭേദഗതി അനുവദനീയമാണോ എന്നതിനെക്കുറിച്ച് അദ്ധ്യക്ഷത വഹിക്കുന്ന ആളുടെ തീരുമാനം അന്തിമമായിരിക്കുന്നതും ആകുന്നു.
(3) 205-ഉം 206-ഉം അനുച്ഛേദങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഈ അനുച്ഛേദത്തിലെ വ്യവസ്ഥകൾ പാസ്സാക്കിയ നിയമം വഴി ചെയ്തിട്ടുള്ള വിനിയോഗ പ്രകാരമല്ലാതെ, സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്ന് യാതൊരു പണവും പിൻവലിക്കാൻ പാടുള്ളതല്ല.
205. അനുപൂരകമായതോ കൂടുതലായുള്ളതോ അധികച്ചെലവിനുള്ളതോ ആയ സഹായധനങ്ങൾ-
(1) ഗവർണ്ണർ-
(ക) 204-mw അനുച്ഛേദത്തിലെ വ്യവസ്ഥകളനുസരിച്ച് ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും നിയമം വഴി, നടപ്പു സാമ്പത്തികവർഷത്തിലെ ഒരു പ്രത്യേക സേവനത്തിന് ചെലവു ചെയ്യുവാൻ അധികാരപ്പെടുത്തിയ സംഖ്യ ആ വർഷത്തെ ആവശ്യങ്ങൾക്ക് തികയാതെ വരുമ്പോഴോ, ആ വർഷത്തെ വാർഷിക ധനവിവരപ്പത്രികയിൽ ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും പുതിയ സേവനത്തിന്റെ ആവശ്യത്തിലേക്ക് നടപ്പു സാമ്പത്തിക വർഷം അനുപൂരകമോ കൂടുതലോ ആയ ചെലവിന്റെ ആവശ്യം ഉത്ഭവിച്ചിരിക്കുമ്പോഴോ;
(ഖ) ഏതെങ്കിലും സേവനത്തിന് ഒരു സാമ്പത്തിക വർഷം ആ സേവനത്തിന് ആ വർഷത്തേക്ക് അനുവദിച്ചിട്ടുള്ളതിലും അധികമായ ഏതെങ്കിലും പണം ചെലവാക്കിയിട്ടുണ്ടെങ്കിലോ, ആ ചെലവിന്റെ അടങ്കൽത്തുക കാണിക്കുന്ന മറ്റൊരു വിവരപ്പത്രിക ആ സംസ്ഥാനത്തെ നിയമനിർമ്മാണമണ്ഡലത്തിന്റെ സഭയുടെയോ സഭകളുടെയോ മുമ്പാകെ വയ്പ്പിക്കുകയോ അങ്ങനെയുള്ള അധികച്ചെലവിലേക്കുള്ള ഒരു ധനാഭ്യർത്ഥന ആ സംസ്ഥാനത്തിന്റെ നിയമസഭയിൽ സമർപ്പിക്കുകയോ, അതതു സംഗതിപോലെ, ചെയ്യേണ്ടതാണ്.
(2) 202-ഉം 203-ഉം അനുച്ഛേദങ്ങളിലെ വ്യവസ്ഥകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും വിവരപ്പത്രികയും ചെലവും അല്ലെങ്കിൽ ധനാഭ്യർത്ഥനയും കൂടാതെ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്ന് അങ്ങനെയുള്ള ചെലവോ, അങ്ങനെയുള്ള ധനാഭ്യർത്ഥന അനുസരിച്ചുള്ള സഹായധനമോ നേരിടുന്നതിന് വേണ്ട പണത്തിന്റെ വിനിയോഗം അധികാരപ്പെടുത്തുവാൻ നിർമ്മിക്കുന്ന ഏതെങ്കിലും നിയമവും സംബന്ധിച്ച്, അവയ്ക്ക് വാർഷിക ധനവിവരപ്പത്രികയ്ക്കും അതിൽ പ്രസ്താവിച്ചിട്ടുള്ള ചെലവിന് അല്ലെങ്കിൽ ഒരു സഹായധനത്തിന് വേണ്ടിയുള്ള ഒരു ധനാഭ്യർത്ഥനയ്ക്കും കൂടാതെ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്ന് അങ്ങനെയുള്ള ചെലവോ സഹായധനമോ നേരിടുന്നതിനുവേണ്ട പണത്തിന്റെ വിനിയോഗം അധികാരപ്പെടുത്തുവാൻ നിർമ്മിക്കുന്ന നിയമവും സംബന്ധിച്ച് പ്രഭാവമുള്ളതുപോലെ, പ്രഭാവമുണ്ടായിരിക്കുന്നതാണ്.
206. കണക്കിന്മേലുള്ള വോട്ടുകളും ക്രഡിറ്റ് വോട്ടുകളും വിശേഷാൽ സഹായ ധനങ്ങളും–
(1) ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ ആയിരുന്നാലും ഒരു സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് –
(ക) ഏതെങ്കിലും സാമ്പത്തിക വർഷത്തിന്റെ ഒരു ഭാഗത്തിനുള്ള അടങ്കൽ ചെലവു സംബന്ധിച്ച് ഏതെങ്കിലും സഹായധനത്തിനുള്ള വോട്ട് ചെയ്യലിന് 203-mw അനുച്ഛേദത്തിൽ നിർണ്ണയിച്ചിട്ടുള്ള നടപടിയുടെ പൂർത്തീകരണവും ആ ചെലവ് സംബന്ധിച്ച് 204-mw അനുച്ഛേദം അനുസരിച്ചുള്ള നിയമത്തിന്റെ പാസ്സാക്കലും നിലവിലിരിക്കുമ്പോൾ ആ സഹായധനം മുൻകൂറായി നൽകുവാനും;
(ഖ) സേവനത്തിന്റെ വലിപ്പമോ അനിശ്ചിത സ്വഭാവമോ നിമിത്തം ഒരു വാർഷിക ധനവിവരപ്പത്രികയിൽ സാധാരണ നൽകുന്ന വിശദാംശങ്ങളോടുകൂടി ധനാഭ്യർത്ഥന വിവരിക്കാൻ കഴിയാതെ വരുമ്പോൾ, സംസ്ഥാനത്തിന്റെ വിഭാഗങ്ങളിൻമേലുള്ള അപ്രതീക്ഷിതമായ ഒരു ബാദ്ധ്യത നേരിടുന്നതിനുള്ള ഒരു സഹായധനം നൽകുവാനും;
(ഗ) ഏതെങ്കിലും സാമ്പത്തിക വർഷത്തിലെ നടപ്പ് സേവനത്തിന്റെ ഭാഗമാകാത്ത ഒരു വിശേഷാൽ സഹായധനം നൽകുവാനും, അധികാരം ഉണ്ടായിരിക്കുന്നതും, ആ സംസ്ഥാനത്തെ നിയമനിർമ്മാണമണ്ഡലത്തിന് മേൽപ്പറഞ്ഞ സഹായധനങ്ങൾ ഏതു ആവശ്യങ്ങൾക്കാണോ നൽകിയിട്ടുള്ളത് ആ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്ന് പണം പിൻവലിക്കുന്നത് നിയമം വഴി അധികാരപ്പെടുത്തുന്നതിനും, അധികാരം ഉണ്ടായിരിക്കുന്നതും ആകുന്നു.
(2) 203-ഉം204-ഉം അനുച്ഛേദങ്ങളിലെ വ്യവസ്ഥകൾക്ക്, (1)-mwഖണ്ഡപ്രകാരം ഏതെങ്കിലും സഹായധനം നൽകുന്നതിനെയും ആ ഖണ്ഡപ്രകാരം നിർമ്മിക്കുന്ന ഏതെങ്കിലും നിയമത്തെയും സംബന്ധിച്ച് അവയ്ക്ക് വാർഷിക ധനവിവരപ്പത്രികയിൽ പ്രസ്താവിച്ചിട്ടുള്ള ഏതെങ്കിലും ചെലവ് സംബന്ധിച്ചുള്ള ഒരു സഹായധനം നൽകുന്നതിനെയും, അങ്ങനെയുള്ള ചെലവ് നേരിടുന്നതിന് സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള പണത്തിന്റെ വിനിയോഗം അധികാരപ്പെടുത്തുവാൻ നിർമ്മിക്കുന്ന നിയമത്തെയും സംബന്ധിച്ച് പ്രഭാവമുള്ളതുപോലെ, പ്രഭാവമുണ്ടായിരിക്കുന്നതാണ്.
207. ധനകാര്യ ബില്ലുകളെക്കുറിച്ചുള്ള പ്രത്യേക വ്യവസ്ഥകൾ-
(1) 199 –mw അനുച്ഛേദം (1) –mw ഖണ്ഡം (ക) മുതൽ (ച) വരെയുള്ള ഉപഖണ്ഡങ്ങളിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലോ ഭേദഗതിയോ ഗവർണ്ണറുടെ ശിപാർശയിൻമേലല്ലാതെ അവതരിപ്പിക്കുവാനോ ഉന്നയിക്കുവാനോ പാടില്ലാത്തതും അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ഒരു ബിൽ നിയമസമിതിയിൽ അവതരിപ്പിക്കുവാൻ പാടില്ലാത്തതുമാകുന്നു:
എന്നാൽ, ഏതെങ്കിലും നികുതി കുറവു ചെയ്യുന്നതിനോ നിറുത്തൽ ചെയ്യുന്നതിനോ വ്യവസ്ഥ ചെയ്യുന്ന ഒരു ഭേദഗതി ഉന്നയിക്കുന്നതിന് യാതൊരു ശിപാർശയും ഈ ഖണ്ഡപ്രകാരം ആവശ്യമാകുന്നതല്ല.
(2) ഒരു ബില്ലോ ഭേദഗതിയോ, അത് പിഴകളോ പണം നൽകേണ്ട മറ്റു ശിക്ഷയോ ചുമത്തുവാനോ, ലൈസൻസിനും ചെയ്ത സേവനങ്ങൾക്കും ഫീസ് ആവശ്യപ്പെടുവാനോ അടയ്ക്കുവാനോ വ്യവസ്ഥ ചെയ്യുന്നു എന്നു മാത്രമുള്ള കാരണത്താലോ, അത് ഏതെങ്കിലും തദ്ദേശാധികാരസ്ഥാനമോ നികായമോ തദ്ദേശാവശ്യങ്ങൾക്ക് ഏതെങ്കിലും നികുതി ചുമത്തുവാനോ നിറുത്തലാക്കുവാനോ ഇളവ് ചെയ്യുവാനോ ഭേദപ്പെടുത്തുവാനോ ക്രമപ്പെടുത്തുവാനോ വ്യവസ്ഥ ചെയ്യുന്നു എന്നുള്ള കാരണത്താലോ, മുൻപറഞ്ഞ വിഷയങ്ങളിൽ ഏതിനെങ്കിലും വ്യവസ്ഥ ചെയ്യുന്നതായി കരുതാൻ പാടുള്ളതല്ല.
(3) ഒരു ബിൽ നിയമമാക്കി പ്രവർത്തനത്തിൽ കൊണ്ടുവരുമ്പോൾ സംസ്ഥാനത്തിന്റെ അസഞ്ചിതനിധിയിൽ നിന്ന് ചെലവ് നടത്തേണ്ടതായി വരുന്നിടത്ത്, സംസ്ഥാനത്തിന്റെ നിയമനിർമ്മാണ മണ്ഡലത്തിന്റെ ഒരു സഭയും, ഗവർണ്ണർ ബില്ലിന്റെ പരിഗണന ആ സഭയ്ക്കു ശിപാർശ ചെയ്തിട്ടുണ്ടെങ്കിലല്ലാതെ പാസ്സാക്കുവാൻ പാടുള്ളതല്ല.