ശമ്പള പരിഷ്കരണം
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാലാകാലങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർണ്ണയിക്കുക എന്നത് ധനകാര്യ വകുപ്പിന്റെ അതി പ്രധാനമായ ഉത്തരവാദിത്തമാണ്. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ നിയമിക്കുന്ന കമ്മീഷന്റെ ശുപാർശകൾ അനുസരിച്ചായിരിക്കും ധനകാര്യ വകുപ്പ് വേതന ഘടനയിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തുന്നത്.
1-11-1956 -ൽ കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഗവൺമെന്റ് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായി ഇതുവരെ പത്ത് ശമ്പള പരിഷ്കരണ കമ്മീഷനുകൾ/കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1957 ൽ രൂപീകൃതമായ കമ്മീഷൻ മുൻ തിരുവിതാങ്കൂർ കൊച്ചി സംസ്ഥാനത്തിലെയും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെയും ജീവനക്കാരുടെ ശമ്പള സ്കെയിലുകളുടെ ഏകീകരണമാണ് നിർവ്വഹിച്ചത്. ശ്രീ ശങ്കരനാരായണ അയ്യർ തലവനായി രൂപീകരിക്കപ്പെട്ട ടി കമ്മീഷന്റെ നിർദ്ദേശങ്ങൾ സ.ഉ.(അച്ചടി) നം. 150/58/ധന തീയതി 23.03.1958 പ്രകാരം നടപ്പിലാക്കുകയുണ്ടായി.
രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ
ശ്രീ.വി.കെ.വേലായുധൻ ചെയർമാനായും ശ്രീ.റ്റി.കെ.ബാലകൃഷ്ണ മേനോൻ മെമ്പറായും ശ്രീ.വി.രാമചന്ദ്രൻ ഐ.എ.എസ് മെമ്പർ സെക്രട്ടറിയായും രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ നിയമിതമായി. ടി കമ്മീഷന്റെ പ്രധാന ശുപാർശ താഴ്ന്ന വിഭാഗം നാല് ശമ്പള സ്കെയിലുകൾക്ക് 5 രൂപയും ഉയർന്ന സ്കെയിലുകൾക്ക് 7 രൂപയും വർദ്ധനയാണ്. ഈ കമ്മീഷന്റെ ശുപാർശകൾ 1.7.1968 മുതൽ പുതുക്കിയ ശമ്പള സ്കെയിൽ അനുവദിച്ചുകൊണ്ട് 09.06.69 – തീയതിയിലെ സ.ഉ.(അച്ചടി) 290/1969/ധന പ്രകാരം പ്രാബല്യത്തിൽ വന്നു.
1973 ൽ മൂന്നാം കേന്ദ്ര ശമ്പള കമ്മീഷൻ റിപ്പോർട്ട് തയ്യാറായപ്പോൾ കേന്ദ്ര ശമ്പള വ്യവസ്ഥ കേരളത്തിലും നടപ്പാക്കാൻ ഗവൺമെന്റ് തീരുമാനിക്കുകയും അതിനുവേണ്ടി ഒരു മന്ത്രിസഭാ ഉപസമിതിയേയും സ്പെഷ്യൽ ഓഫീസറേയും ചുമതലപ്പെടുത്തുകയുണ്ടായി. ഉപസമിതി 1973- ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രത്തിലെ താഴ്ന്ന സ്കെയിലായ 196/- രൂപ കേരളത്തിലും അനുവദിച്ചതാണ് ശ്രദ്ധേയമായ തീരുമാനം.
മൂന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ
മുൻ ചീഫ് സെക്രട്ടറി ശ്രീ.എൻ. ചന്ദ്രഭാനു. ഐ.എ.എസ് -ന്റെ ഏകാംഗ കമ്മീഷനാണ് സെപ്റ്റംബർ 1977-ൽ നിയമിതമായ മൂന്നാം ശമ്പള കമ്മീഷൻ. നിലവിലുണ്ടായിരുന്ന ശമ്പള സ്കെയിലുകളെ 32 ആയി കുറച്ചുകൊണ്ട് 1978 -സെപ്റ്റംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. സമയബന്ധിത ഹയർഗ്രേഡ് ഈ കമ്മീഷനു ശേഷമാണ് നിലവിൽ വന്നത്. 16.12.78 – തീയതിയിലെ സ.ഉ.(അച്ചടി) നം.860/78/ധന പ്രകാരം മൂന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കപ്പെട്ടു.
നാലാം ശമ്പള പരിഷ്കരണ കമ്മീഷൻ
ജസ്റ്റിസ്. വി.പി.ഗോപാലൻ നമ്പ്യാർ ചെയർമാനായി നാലാം ശമ്പള കമ്മീഷൻ രൂപീകരിച്ചു. രണ്ടാം സമയബന്ധിത ഹയർ ഗ്രേഡ് ഈ കമ്മീഷൻ ശുപാർശയാണ്. 16.9.85 – തീയതിയിലെ സ.ഉ. (അച്ചടി)നം. 515/1985/ധന പ്രകാരം നാലാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കപ്പെട്ടു.
അഞ്ചാം ശമ്പള പരിഷ്കരണ കമ്മീഷൻ
1987- ഡിസംബർ മാസത്തിൽ ജസ്റ്റിസ് റ്റി.ചന്ദ്രശേഖര മേനോൻ ചെയർമാനായി അഞ്ചാം ശമ്പള കമ്മീഷൻ രൂപീകരിക്കപ്പെട്ടു. 1989- മേയ് മാസം കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള സ്കെയിലുകളുടെ എണ്ണം 27 ആയി പരിമിതപ്പെടുത്തുകയും മാസ്റ്റർ സ്കെയിൽ അവതരിപ്പിക്കുകയുമുണ്ടായി. സമയബന്ധിത ഹയർഗ്രേഡിന്റെ എണ്ണം മൂന്നാക്കി വർദ്ധിപ്പിച്ചു. 01.11.1989 – തീയതിയിലെ സ.ഉ.(അച്ചടി).നം. 489/1989/ധന. പ്രകാരം സർക്കാർ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കി.
ശമ്പള തുല്യതാ കമ്മിറ്റി (ആറാം) ശമ്പള പരിഷ്കരണ കമ്മീഷൻ
ശ്രീ.സകരിയാ മാത്യു ഐ.എ.എസ് ചെയർമാനായും ശ്രീ.ആർ.നാരായണൻ ഐ.എ.എസ്, ശ്രീ.എം.മോഹൻകുമാർ ഐ.എ.എസ്, ശ്രീ.വി.കൃഷ്ണമൂർത്തി എന്നിവർ അംഗങ്ങളുമായി സംസ്ഥാന ശമ്പള തുല്യതാ കമ്മിറ്റിയെ 1992-ൽ ഗവൺമെന്റ് നിയമിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും നിലവിലുള്ള ശമ്പള സ്കെയിലുകൾ പരിഗണിച്ച് വേണ്ട പരിഷ്കരണങ്ങൾ നിർദ്ദേശിച്ച കമ്മിറ്റി 7% വർദ്ധനവാണ് ശുപാർശ ചെയ്തത്. 25.11.93 – തീയതിയിലെ സർക്കാർ ഉത്തരവ് (അച്ചടി) നം.600/1993/ധന പ്രകാരം ടി നിർദ്ദേശങ്ങൾ ഗവൺമെന്റ് നടപ്പിലാക്കി.
ഏഴാം ശമ്പള പരിഷ്കരണ കമ്മീഷൻ
ശ്രീ.പി.എം.എബ്രഹാം ഐ.എ.എസ് (റിട്ട) ചെയർമാനായും ഡോ.കെ.രാമചന്ദ്രൻ നായർ മെമ്പറായും ശ്രീ.കെ.ജി.സുകുമാര പിള്ള മെമ്പർ സെക്രട്ടറിയുമായാണ് ഏഴാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. 25.11.1998 – തീയതിയിലെ സ.ഉ.(അച്ചടി)നം. 3000/98/ധന പ്രകാരം 01.03.97 -ൽ പ്രാബല്യത്തിൽ വരുത്തികൊണ്ട് കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കി.
എട്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ
ശ്രീ.ആർ. നാരായണൻ ഐ.എ.എസ് (റിട്ട) ചെയർമാനായും ശ്രീ.സി.എം. രാധാകൃഷ്ണൻ നായർ ഐ.പി.എസ് (റിട്ട), ശ്രീ.എ.കെ.തോമസ് എന്നിവർ മെമ്പർമാരായും ശ്രീമതി ചന്ദ്രമതി അമ്മ മെമ്പർ സെക്രട്ടറിയുമായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയും 25.3.2006 – തീയതിയിലെ സർക്കാർ ഉത്തരവ് (അച്ചടി) നം.145/2006/ധന പ്രകാരം കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചു.
ഒൻപതാം ശമ്പള പരിഷ്കരണ കമ്മീഷൻ
ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു ചെയർമാനായും ഡോ.പി.മോഹനൻ പിള്ള, അഡ്വ.പി.വി. വേണുഗോപാലൻ നായർ എന്നിവർ മെമ്പർമാരായും നിലവിൽ വന്ന ഒൻപതാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾ 26.02.2011 – തീയതിയിലെ സ.ഉ.(അച്ചടി)നമ്പർ.85/2011/ധന പ്രകാരം അംഗീകരിച്ചു.
പത്താം ശമ്പള പരിഷ്കരണ കമ്മീഷൻ
ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ചെയർമാനായും ശ്രീ.കെ.വി.തോമസ് മെമ്പർ സെക്രട്ടറിയായും അഡ്വ.റ്റി.വി.ജോർജ്ജ് മെമ്പറുമായി പത്താം ശമ്പള പരിഷ്കരണ കമ്മീഷൻ 30.11.2013 – തീയതിയിലെ സ.ഉ.(എം എസ്) നം.583/2013/ധന പ്രകാരം നിലവിൽ വന്നു. കമ്മീഷൻ ജൂലൈ 2015-ൽ ശുപാർശകൾ ഗവൺമെന്റിനു സമർപ്പിച്ചു.